Friday, January 14, 2011

വിദ്യകള്‍.


ചരിവുള്ള പ്രതലങ്ങളില്‍
ഉരുളാതെ തെന്നാതെ ഓടുന്ന സൂത്രങ്ങള്‍
ഉറുംബുകള്‍ക്കെ അറിയൂ ,ഹൃദയങ്ങള്‍ക്കറിയില്ല.

ഗൌളികള്‍ പേടിക്കുമ്പോള്‍
പഴുത്തില പോലെ അടര്‍ന്നു വീഴാറില്ല.
വാലുകള്‍  മാത്രം മുറിച്ചിട്ടോടും.
ചിലന്തികള്‍ക്ക് മുഷിയുമ്പോള്‍ മൂലകളില്‍ ഒളിക്കാതെ 
വലക്കണ്ണികളിലെ വിടവുകള്‍ തുന്നും.

കൂടും വലിച്ചുകൊണ്ട് ഇഴഞ്ഞു നടക്കുന്ന ഒച്ചുകള്‍
വെറും ഭാരം താങ്ങികള്‍ അല്ല.
വെച്ച് മറന്നുപോയാല്‍ പിന്നെ തിരിച്ചു കിട്ടാത്ത ഇരുട്ടാണ്‌
കട്ടിയുള്ള കക്കക്കൂടിനകത്തു.
കനത്ത തോട് നെഞ്ചിലെ മൃദുത്വത്തെ കാക്കുമെന്ന തോന്നല്‍
ഞണ്ടുകളെ പറ്റിക്കാറില്ല.
കാല്‍ക്കീഴില്‍ അമരും മുന്‍പ്
മണലിലെ മാളങ്ങളില്‍
ഓടി ഒളിക്കാനും മിണ്ടാതിരിക്കാനും അവയ്ക്ക് കഴിയും
കടലിരംബുന്നതോ കര കരയുന്നതോ
അവ കേട്ട് നില്‍ക്കാറില്ല.
കക്കത്തോടുകളില്‍ തല പൂഴ്ത്തുന്ന കാക്കകള്‍
സ്വപ്നങ്ങള്‍ തിരയുന്നതല്ല.
വേലിയിറക്കങ്ങളില്‍ ഒലിച്ചു പോവാതെ
പിടിച്ചു നില്ക്കാന്‍  അവയ്ക്കാവും.
തിരവരും മുമ്പ് പറന്നു മാറുന്ന പഴയ രീതികള്‍
അവ മറന്നിട്ടില്ല.
തലകള്‍  നഷ്ടമാവാത്തവര്‍ ആണ് ആമകള്‍ .
ഉറക്കം തീരുമ്പോള്‍ കണ്ണുകള്‍ തുറക്കുമ്പോള്‍
തല പതുക്കെ ഇറങ്ങി വരും.
ചുറ്റിലും പലതും  കാണും.
പക്ഷെ കടലിന്റെ താളം  തെറ്റുമ്പോള്‍,
കരയുടെ കണ്ണ് കലങ്ങുമ്പോള്‍,
മുട്ടയില്ലാതെ അടയിരിക്കാന്‍
തലയില്ലാത്ത തോടുകള്‍ക്കാവും.

ചിതലുകള്‍ എല്ലാം തിന്നുതീര്‍ക്കും
പക്ഷെ ചിലപ്പോള്‍
എല്ലാം നഷ്ടപ്പെട്ടവന്റെ കരളിനെ മാത്രം
ഒന്നിനും കൊള്ളാത്ത സ്വാദ് ഇല്ലാത്ത ഭക്ഷണം പോലെ
കുറെയേറെ ബാക്കി വെച്ചിട്ട് പോകും .

പ്രണയത്തിന്‍റെ കണ്ടെത്തലുകള്‍..

നിന്നെ സ്നേഹിക്കുമ്പോള്‍,
തുള്ളികളിലൂടെ ഞാന്‍ എത്തിച്ചേരുന്നത്
മഴകളിലേക്ക് ആണ് .
നിറങ്ങളിലൂടെ മഴവില്ലിലേക്കും.
ഹൃദയം പാടുന്നത്
മറന്നെന്നു തോന്നിയ പാട്ടുകള്‍ ആണ്.
കനവുകളില്‍ നിറയുന്നത്
മോഹങ്ങളുടെ തുടിപ്പുകള്‍ ആണ്.
നിന്നെക്കാണുമ്പോള്‍ ,
വെളിച്ചത്തിലൂടെ ഞാന്‍ എത്തിച്ചേരുന്നത്
മനസ്സിന്‍റെ പ്രതിബിംബങ്ങളിലേക്ക് ആണ്.
ഇരുട്ടുകളില്‍ ഉറവെടുക്കുന്നത്
സ്വപ്നങ്ങളുടെ നക്ഷത്ര നിരകള്‍ ആണ്.
കാറ്റു കൊണ്ടുവരുന്നത്
കാണാമറയത്തെ സുഗന്ധാവലികള്‍ ആണ്.
രാത്രി കൊണ്ട് പോകുന്നത്
ഉറക്കത്തിന്റെ താക്കോലുകള്‍ ആണ് .
 നിന്നെ അറിയുമ്പോള്‍
നിന്നിലൂടെ ഞാന്‍ കണ്ടെത്തുന്നത്
എന്നിലെ എന്നെത്തന്നെയാണ്.

തണുപ്പ് .


ഇത് മഞ്ഞുകാലമാണ്‌.
തരം താണ തണുപ്പുകളില്‍ നിന്നും
നിലവാരമുള്ള ചൂടുകളിലേക്ക് പൊങ്ങിപ്പോകാന്‍
ഭൂമിയുടെ ചങ്ക്  തുറന്നു
ഉള്ളറകളിലേക്ക് നുഴഞ്ഞു കയറണം.
പിന്നീട്,
അടിത്തട്ടിനുമടിയിലെ നിലകളിലേക്ക് ഇറങ്ങണം .
അവിടെ ശൂന്യതയുണ്ട്.
അതില്‍ പൊങ്ങു തടി പോലെ
ഒലിച്ചു നടക്കാം.
ഗുരുത്വാകര്‍ഷണം കാന്താകര്‍ഷണങ്ങളില്‍
നഷ്ടപ്പെടുമ്പോള്‍
തൂവലുകള്‍ പോലെ പറന്നു നടക്കാം.
ചൂടിനു പക്ഷെ ചുട്ടുകരിക്കാന്‍ കഴിയുന്നത്ര
ചൂടുണ്ടാവുമോ?
അതോ അതും ചത്തു മരവിച്ച മഞ്ഞുകട്ടയുടെ
മധ്യബിന്ദുവിലെ അനിശ്ചിതത്വം പോലെ
പതറി നില്ക്കുകയാവുമോ?

ഉപദേശം .



കാശിനു കൊള്ളാത്ത ചിന്തക്കുഴപ്പങ്ങളില്‍ നിന്നുമാണ്
കഥയും കവിതയും ഉറവു എടുക്കുന്നതെന്ന്
അന്നവര്‍ എന്നോട് പറഞ്ഞു.
പണം കിട്ടുന്ന പണി കൊണ്ടേ പട്ടിണി മാറൂ എന്നും.
ഒന്നുമില്ലായ്മയിലും അവഗണനയിലും നിന്ന്
എന്താണ് ജനിക്കുന്നതെന്ന് ഞാന്‍ മറുചോദ്യം എറിഞ്ഞു
കേള്‍ക്കാത്ത ഭാവം നടിച്ചു
പ്രതീക്ഷിക്കാത്ത മറുപടികള്‍ വലിച്ചു എറിയാതെ
അവര്‍ കടന്നു പോയി .
ഞാന്‍ കഥയായി തിരിച്ചു വന്നു.
അമാവാസി രാത്രികളിലും
എന്നില്‍ കറുപ്പ് നിറം പടര്‍ന്നില്ല.
പോകുന്നപോക്കില്‍ എനിക്കവകാശപ്പെട്ട
ഒരു മുറി ചന്ദ്രനെ
അവര്‍ തെളിച്ചു കൊണ്ട് പോകുന്നത്
ഞാന്‍ കണ്ടിരുന്നു.
ഞാനൊന്നും പറഞ്ഞില്ല.
മറു മുറിയെ  ഇരുട്ടില്‍ തപ്പി
ഞാന്‍ ഇന്നും നടക്കുന്നുണ്ട് .
എന്നെങ്കിലും കണ്ടു കിട്ടുമെന്നോര്‍ത്തു.

കള്ളം .



ഒത്തിരിയേറെ നാളുകളായി
സ്നേഹിച്ചിട്ടും ഇഷ്ടപ്പെട്ടിട്ടും.
സ്നേഹവും ഇഷ്ടവും
കയ്യാലപ്പുറത്തെ   തേങ്ങ പോലെ
എങ്ങോട്ട് വീഴണം എന്നറിയാതെ
കുറെ നാളായി പരുങ്ങി നില്‍ക്കുന്നത്
ഞാന്‍ കണ്ടിരുന്നു.
കാറ്റിനെ ആണവ   കാത്തു നിന്നത് .
കാറ്റു അടിക്കുന്നിടത്തെക്ക് ചാടാമെന്നും
പിന്നീട് വീണു കഴിഞ്ഞു 
ഉരുളലുകളെ പറ്റി തീരുമാനിക്കാം എന്നുമാണ്
വീണു വീണു ബുദ്ധി വന്ന അവ
ചിന്തിക്കുന്നത് എന്നെനിക്കറിയാം .
ഈ കാഴ്ച കണ്ടു ഞാന്‍
 മനസ്സിനോടൊരു ചോദ്യം ചോദിച്ചു.
ഇടക്കെങ്കിലും നിനക്കിത്തിരി സ്നേഹിക്കണ്ടേ എന്ന്.
അത് കണ്ണ് തുറിപ്പിച്ചു എന്നെ ഒരു നോട്ടം നോക്കി.
ചുണ്ടുകള്‍ വലിച്ചു അടച്ചിട്ടും
മുഴുവന്‍ മൂടാത്ത വായിലെ കൊന്ത്രന്‍  പല്ലുപോലെ
രണ്ടു ചോദ്യം ഇങ്ങോട്ടും വന്നു
ആരെ സ്നേഹിക്കും ?
എങ്ങനെ സ്നേഹിക്കും?
ഉത്തരം അറിയാത്ത  ബുദ്ധി മാന്ദ്യത്തില്‍ 
ഞാന്‍ ചോദ്യം തിരിച്ചെടുത്തു
പിന്നെ മനസ്സും ഞാനും അതാതിന്റെ വഴിയിലൂടെ
കണ്ടാല്‍ തമ്മില്‍ അറിയില്ലെന്ന് നടിച്ചു
പതിവ് യാത്രകള്‍  തുടര്‍ന്നു.

പശു .



ജീവിതം പശുക്കളെ സൃഷ്ടിക്കുന്ന നാട്ടിലാണ്
അവള്‍ വന്നു ജനിച്ചത്‌.
തെറ്റുകളുടെ ശിക്ഷ ആയിരുന്നു അത്.
തെറ്റെന്ത് എന്നറിയാതെ ശിക്ഷ അവള്‍ ഏറ്റു വാങ്ങി.
കഴുത്തിലൊരു പഴയ കയറു കുരുക്കിക്കെട്ടി
കുറ്റിയടിച്ച് അവര്‍ അവളെ കെട്ടിയിട്ടു.
കാമധേനു എന്നുവിളിച്ചു സ്നേഹിച്ചു.
ആദ്യം അവള്‍ അനങ്ങാതെ നിന്നു
കറവക്കാരെ തൊഴിച്ചും കുത്തിയും ഇല്ല .
കാലം ചെന്നപ്പോള്‍ നടന്നു നോക്കി .
തനിക്കും ഒരു വട്ടം ഉണ്ടെന്നു കണ്ടു പിടിച്ചു .
വട്ടത്തിന്റെ വിസ്തൃതി,വ്യാസാര്‍ധം എല്ലാം മനസ്സിലാക്കി .
പിന്നെ വട്ടമായി നടന്നു.
കയറിനു നീളം കുറഞ്ഞു വന്നു .
ഒടുക്കം കയറില്ലാത്ത കഴുത്തെന്ന അവസ്ഥയായി.
കഴുത്ത് കുറ്റിയില്‍  മുട്ടി നിന്നു.
കറവക്കാര്‍         അപ്പോഴും വന്നു.
പാല് കറന്നെടുത്തു.
ഗോമാതാവിനു
നെറ്റിയില്‍ ചുട്ടിയും കുത്തി.
മുന്നില്‍ നിന്നു തൊഴുതനുഗ്രഹം ചോദിച്ചു
പശുവായ അവള്‍ അപ്പോഴും തൊഴിച്ചില്ല.
പശുവിനെപ്പോലെ മാന്യത കാണിച്ചു
പാല് മാത്രം കൊടുത്തു.

ഭ്രമണം

 പിറക്കാന്‍ വിധി വന്ന ദിനത്തില്‍ തന്നെയാണ്
അമ്മമാര്‍ ജനിക്കുന്നതും മരിക്കുന്നതും.
കുഞ്ഞായി വന്നു നിലത്തു വീണപ്പോള്‍
അമ്മയും കുഞ്ഞായിരുന്നു.
വളര്‍ന്നപ്പോള്‍ അമ്മ കൂടെ വളര്‍ന്നില്ല.
വളര്‍ച്ച മുരടിച്ചു നിന്ന് അവര്‍.
കാലത്തോടൊപ്പം അമ്മ ചുരുണ്ട് ചുരുണ്ട് പോയി
തീര്‍ത്തും കാണപ്പെടാതെ ആയതെപ്പോഴെന്നു  അറിഞ്ഞില്ല.
പിന്നീടു കണ്ടു പിടിക്കാനും കഴിഞ്ഞില്ല.
കുഞ്ഞിന്റെ വളര്‍ച്ച മുരടിപ്പുകള്‍ക്ക് അതീതമായിരുന്നു.
മരം പോലെ വളര്‍ന്നപ്പോള്‍
  കുഞ്ഞു   പൂക്കുകയും കായ്ക്കുകയും     ചെയ്തു.
കായകളില്‍ നിന്നും വിത്തുകളുണ്ടായി.
വിത്തുകളെ കാറ്റു എടുത്തു  മറിച്ചു വിറ്റു.
ചെടികള്‍ പിന്നെയും മുളച്ചു വന്നു.
വളര്‍ന്ന   കുഞ്ഞപ്പോഴും അമ്മയെ  തേടിക്കൊണ്ടിരുന്നു.
കണ്ടില്ല.
കടന്നു പോയ കാറ്റുകളും മഴകളും
പിന്നീടെപ്പോഴും
കുഞ്ഞിനെത്തന്നെയാണ് 'അമ്മെ' എന്ന് വിളിച്ചുകൊണ്ടിരുന്നത്.