Friday, January 14, 2011

വിദ്യകള്‍.


ചരിവുള്ള പ്രതലങ്ങളില്‍
ഉരുളാതെ തെന്നാതെ ഓടുന്ന സൂത്രങ്ങള്‍
ഉറുംബുകള്‍ക്കെ അറിയൂ ,ഹൃദയങ്ങള്‍ക്കറിയില്ല.

ഗൌളികള്‍ പേടിക്കുമ്പോള്‍
പഴുത്തില പോലെ അടര്‍ന്നു വീഴാറില്ല.
വാലുകള്‍  മാത്രം മുറിച്ചിട്ടോടും.
ചിലന്തികള്‍ക്ക് മുഷിയുമ്പോള്‍ മൂലകളില്‍ ഒളിക്കാതെ 
വലക്കണ്ണികളിലെ വിടവുകള്‍ തുന്നും.

കൂടും വലിച്ചുകൊണ്ട് ഇഴഞ്ഞു നടക്കുന്ന ഒച്ചുകള്‍
വെറും ഭാരം താങ്ങികള്‍ അല്ല.
വെച്ച് മറന്നുപോയാല്‍ പിന്നെ തിരിച്ചു കിട്ടാത്ത ഇരുട്ടാണ്‌
കട്ടിയുള്ള കക്കക്കൂടിനകത്തു.
കനത്ത തോട് നെഞ്ചിലെ മൃദുത്വത്തെ കാക്കുമെന്ന തോന്നല്‍
ഞണ്ടുകളെ പറ്റിക്കാറില്ല.
കാല്‍ക്കീഴില്‍ അമരും മുന്‍പ്
മണലിലെ മാളങ്ങളില്‍
ഓടി ഒളിക്കാനും മിണ്ടാതിരിക്കാനും അവയ്ക്ക് കഴിയും
കടലിരംബുന്നതോ കര കരയുന്നതോ
അവ കേട്ട് നില്‍ക്കാറില്ല.
കക്കത്തോടുകളില്‍ തല പൂഴ്ത്തുന്ന കാക്കകള്‍
സ്വപ്നങ്ങള്‍ തിരയുന്നതല്ല.
വേലിയിറക്കങ്ങളില്‍ ഒലിച്ചു പോവാതെ
പിടിച്ചു നില്ക്കാന്‍  അവയ്ക്കാവും.
തിരവരും മുമ്പ് പറന്നു മാറുന്ന പഴയ രീതികള്‍
അവ മറന്നിട്ടില്ല.
തലകള്‍  നഷ്ടമാവാത്തവര്‍ ആണ് ആമകള്‍ .
ഉറക്കം തീരുമ്പോള്‍ കണ്ണുകള്‍ തുറക്കുമ്പോള്‍
തല പതുക്കെ ഇറങ്ങി വരും.
ചുറ്റിലും പലതും  കാണും.
പക്ഷെ കടലിന്റെ താളം  തെറ്റുമ്പോള്‍,
കരയുടെ കണ്ണ് കലങ്ങുമ്പോള്‍,
മുട്ടയില്ലാതെ അടയിരിക്കാന്‍
തലയില്ലാത്ത തോടുകള്‍ക്കാവും.

ചിതലുകള്‍ എല്ലാം തിന്നുതീര്‍ക്കും
പക്ഷെ ചിലപ്പോള്‍
എല്ലാം നഷ്ടപ്പെട്ടവന്റെ കരളിനെ മാത്രം
ഒന്നിനും കൊള്ളാത്ത സ്വാദ് ഇല്ലാത്ത ഭക്ഷണം പോലെ
കുറെയേറെ ബാക്കി വെച്ചിട്ട് പോകും .

5 comments:

  1. ഇവരിലൊരാളായെങ്കില്‍ എന്നാഗ്രഹിക്കാമോ എന്നറിയില്ല..എന്നിട്ടും ചില സൂത്രങ്ങള്‍ നമ്മിലുമുണ്ട്- നാലുകാലില്‍ വീഴുന്ന പൂച്ചകളെപ്പോലെ .

    ReplyDelete
  2. കനത്ത തോട് നെഞ്ചിലെ മൃദുത്വത്തെ കാക്കുമെന്ന തോന്നല്‍
    ഞണ്ടുകളെ പറ്റിക്കാറില്ല.
    കാല്‍ക്കീഴില്‍ അമരും മുന്‍പ്
    മണലിലെ മാളങ്ങളില്‍
    ഓടി ഒളിക്കാനും മിണ്ടാതിരിക്കാനും അവയ്ക്ക് കഴിയും
    കടലിരംബുന്നതോ കര കരയുന്നതോ
    അവ കേട്ട് നില്‍ക്കാറില്ല.
    -അസലായിട്ടുണ്ട്! ആശംസകൾ!

    ReplyDelete
  3. ചിതലുകള്‍ എല്ലാം തിന്നുതീര്‍ക്കും
    പക്ഷെ ചിലപ്പോള്‍
    എല്ലാം നഷ്ടപ്പെട്ടവന്റെ കരളിനെ മാത്രം
    ഒന്നിനും കൊള്ളാത്ത സ്വാദ് ഇല്ലാത്ത ഭക്ഷണം പോലെ
    കുറെയേറെ ബാക്കി വെച്ചിട്ട് പോകും

    ReplyDelete
  4. ചരിവുള്ള പ്രതലങ്ങളില്‍
    ഉരുളാതെ തെന്നാതെ ഓടുന്ന സൂത്രങ്ങള്‍
    ഉറുംബുകള്‍ക്കെ അറിയൂ ,ഹൃദയങ്ങള്‍ക്കറിയില്ല...Excellent Outlook.

    ReplyDelete
  5. ചിതലുകള്‍ എല്ലാം തിന്നുതീര്‍ക്കും
    പക്ഷെ ചിലപ്പോള്‍
    എല്ലാം നഷ്ടപ്പെട്ടവന്റെ കരളിനെ മാത്രം
    ഒന്നിനും കൊള്ളാത്ത സ്വാദ് ഇല്ലാത്ത ഭക്ഷണം പോലെ
    കുറെയേറെ ബാക്കി വെച്ചിട്ട് പോകും .

    ReplyDelete